മലബന്ധം
Dr. കരകുളം നിസാമുദീൻ
(Senior naturopath Govt. of India)
Navajeevan Naturopathy Hospital
TVPM, PH:-9446702365
മലബന്ധം ഇന്ന് സർവവ്യാപിയായ് കണ്ടുവരുന്നു. ജീവിതശൈലി രോഗങ്ങളുടെ കൂട്ടത്തിലാണ് മലബന്ധത്തെ ഉൾപ്പെടുത്തിയിട്ടുള്ളത്. വായ്ക്ക് ഒരു നിയന്ത്രണവുമില്ലാതെ വാരിവലിച്ചു കഴിക്കുകയും കഷ്ടിച്ച് ഒരു നേരം ടോയ്‌ലെറ്റിൽ പോകുകയും ചെയ്താൽ നാം ശരിയായ മലശോധനയായി എന്ന് പറയും. എന്നാൽ പാശ്ചാത്യർ ദിവസത്തിൽ ഒരു നേരം ടോയ്‌ലെറ്റിൽ പോകുന്നതിനെ മലബന്ധത്തിന്റെ ലക്ഷണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അങ്ങനെയാണെങ്കിൽ ഇന്ത്യയിൽ 98% ആളുകൾക്കും മലബന്ധമാണെന്ന് പറയേണ്ടി വരും. മലബന്ധത്തിനു ഇന്ത്യയിൽ വിവിധതരം മരുന്നുകൾ വിപണിയിൽ ഉണ്ട്. അതിൽ ആയുർവേദ മരുന്നുകൾക്കാണ് മാർക്കറ്റുള്ളത്. ഏതുതരം മരുന്നുകൾ ആയിരുന്നാലും ഗുണത്തേക്കാളേറെ ദോഷകരമാകുകയാണ് ചെയ്യുന്നത്. മലവിസർജനം സാധാരണ നടക്കേണ്ടുന്ന ഒരു പ്രക്രിയയാണ്. അത് മരുന്നിന്റെ സഹായത്താൽ നടക്കേണ്ടതല്ല. അങ്ങനെ നടക്കുന്നുവെങ്കിൽ പിന്നെ മരുന്നില്ലാതെ വിസർജനം നടക്കാതെ വരുകയും നിരന്തരമായ മരുന്നുപയോഗം വൻകുടലിനെയും, ഏനസിനെയും ദുർബലമാക്കുകയും മറ്റു പല രോഗങ്ങൾക്കും കാരണമാകുകയും ചെയ്യും. മലബന്ധത്തിന്റെ അനുബന്ധമായി ഉണ്ടാകുന്ന രോഗങ്ങളാണ് മൂലക്കുരു, അർശസ്സ് തുടങ്ങിയവ. ഇത്തരം രോഗങ്ങളെല്ലാം ഒന്നുതന്നെയാണ്. വിവിധ രീതിയിൽ ആയതുകൊണ്ട് വിവിധതരം പേരുകളിൽ അറിയപ്പെടുന്നുവെന്നു മാത്രം. രോഗകാരണങ്ങളും ഏറെ കുറെ ഒന്ന് തന്നെയാണ്. ഇത്തരം പ്രശ്നങ്ങളുടെ അടിസ്ഥാനകാരണങ്ങൾ ദഹനപ്രശ്നങ്ങളാണെന്നു മനസിലാക്കാൻ കഴിയും.
പക്ഷികൾ പറന്നുകൊണ്ടിരിക്കുമ്പോഴും, മൃഗങ്ങൾ നടക്കുമ്പോഴും മലവിസർജനം നടത്തുന്നു. അതിനു വേദനയോ അസ്വസ്ഥതയോ അനുഭവപ്പെടാറില്ല. കാട്ടിൽ ജീവിക്കുന്ന മനുഷ്യരിലും മലവിസർജനത്തിനു ബുദ്ധിമുട്ട് അനുഭവപ്പെടാറില്ല. എന്നാൽ നാഗരികത മുറ്റി നിൽക്കുന്ന സർവ്വസുഖസൗകര്യങ്ങളുടെയും ഉച്ചകോടിയിൽ എത്തിയ മനുഷ്യൻ മാത്രം നല്ലൊരു മലശോധനക്കു വേണ്ടി കഷ്ടപ്പെടുന്നു. മലബന്ധം ഒരു പാരമ്പര്യ രോഗമാണെന്ന് പറയാറുണ്ട്. അത് തെറ്റായ ഒരു പ്രസ്താവനയാണ്. പാരമ്പര്യ ഭക്ഷണരീതിയിൽ പ്രശ്നങ്ങൾ രൂപം കൊള്ളുന്നത്. പാരമ്പര്യത്തെ തീരെ അവഗണിക്കേണ്ടതില്ല. കാരണം, അച്ഛന്റെയും അമ്മയുടെയും സാദൃശ്യം മക്കളിൽ ഉണ്ടായെന്നു വരാം. അതുപോലെ അച്ഛന്റെയും അമ്മയുടെയും കുടലിനും ഒരു സാദൃശ്യം ഉണ്ടാകാറുണ്ട്. അത് തുലോം തുച്ഛമാണ്. മാത്രമല്ല, ഭക്ഷണരീതി ഏറെക്കുറെ ശരിയാക്കിയത് അത്തരം പ്രശ്നങ്ങൾ പൂർണമായും പരിഹരിക്കാനും സാധിക്കും.
അശാസ്ത്രീയമായ ഭക്ഷണവസ്തുക്കൾ അസമയത്തും അനാവശ്യമായും ആഹരിക്കുമ്പോൾ അത് ദഹനക്കേടിനു ഇടയാക്കുന്നു. കൃത്യസമയത്തിനു ദഹനം നടക്കാത്ത വസ്തുക്കൾ ആമാശയത്തിലും, കുടലിലും കിടന്നു അവിടുത്തെ മസിലുകളെ കേടാക്കുന്നു . ദഹിക്കാത്ത ആഹാരസാധനങ്ങൾ കുടലിൽ കെട്ടിക്കിടന്നു അതിലെ ജലാംശം നഷ്ടപ്പെട്ടു വരണ്ടു കട്ടിയാകുന്നു. ഈ വരണ്ട മലം പുറത്തിറക്കാനായി വിസർജനസമയത് താഴേക്ക് സമ്മർദ്ദം കൊടുക്കേണ്ടതായി വരുന്നു. നിരന്തരമായ സമ്മർദ്ദം ഒരു പരിധിവരെ ഗുദം പുറത്തേക്കു തള്ളിവരാൻ ഇടയാക്കുന്നു. കൂടാതെ വരണ്ടമലം പുറത്തേക്കു വരുമ്പോൾ മലദ്വാരത്തിനുള്ളിൽ ഉരഞ്ഞുപൊട്ടി വൃണമുണ്ടാകാനും അങ്ങനെ പൈൽസിനു കാരണമാകാനും ഇടയാകുന്നു.
ഭക്ഷണം നന്നായി ചവച്ചരക്കാത്തതു പോലും മലബന്ധത്തിനും മൂലക്കുരുവിനും കാരണമാകുന്നു. തവിടില്ലാത്ത ധാന്യങ്ങൾ, നാരില്ലാത്ത ഭക്ഷണപദാർത്ഥങ്ങൾ, ചായ, കാപ്പി, പുകവലി, മദ്യപാനം, എരിവ്, പുളി, ഉപ്പ് ഇവയുടെ അമിത ഉപയോഗം, മസ്അലകൾ, ശീതളപാനീയങ്ങൾ, എണ്ണയിൽ വറുത്ത്, പൊരിച്ചത്, മലശോധനക്കു ഉപയോഗിക്കുന്ന മരുന്നുകൾ, പ്രോട്ടയും, ചിക്കനും മീനും ഒക്കെ മലബന്ധത്തിന് കാരണമാകുന്നു. മലബന്ധവും അതിനെ ചേർന്നുള്ള രോഗികളും ഇത്തരം ആഹാരസാധനങ്ങളിൽ നിന്നും രോഗം മാറുന്നത് വരെ ഒഴിഞ്ഞു നിൽക്കുക എന്നത് തന്നെയാണ് പ്രധാനം.
രോഗനിർണയം
രോഗലക്ഷണം ചോദിച്ചറിയലും, വിരലുകൾ കടത്തി പരിശോധനയും, ലാക്ടോസ്കോപ് എന്നെ ഉപകരണം മലാശയത്തിൽ കടത്തി രോഗം ബാധിച്ച സ്ഥലം, വലിപ്പം, വൃണം, രക്തസ്രാവം എന്നിവയൊക്കെ പരിശോധിക്കലും നമ്മുടെ നാട്ടിൽ പ്രചാരത്തിലുണ്ട്. എന്നാൽ പ്രകൃതി ചികിത്സയിലേക്കു കടന്നുവരുന്നവർ ഇത്തരം ഒരു രോഗനിർണയവും നടത്തേണ്ടതില്ല. എന്താണ് നമ്മെ അലട്ടുന്ന പ്രശനം എന്ന് മാത്രം അറിഞ്ഞാൽ മതി.
ചികിത്സ
രോഗലക്ഷണം മാറുന്നത് വരെ ഉപവസിക്കുക എന്നതാണ് ശരിയായ രീതി. സാധാരണ ദിവസം പന്ത്രണ്ടു നേരം കഴിക്കുകയും, ആഴ്ചയിൽ ഒരിക്കൽ ടോയ്‌ലെറ്റിൽ പോകുന്ന രീതിയാണ് നാം അവലംബിക്കുന്നത്. ഈ വാരിവലിച്ചുള്ള കഴിപ്പിനു അന്ത്യം കുറിക്കുകയും, ശരീരത്തിനും മനസ്സിനും വിശ്രമം നൽകിക്കൊണ്ട് രോഗലക്ഷണം മാറുന്നതുവരെ ഉപവസിക്കുക. ശുദ്ധമായ പച്ചവെള്ളം എത്ര വേണമെങ്കിലും കുടിക്കുക. ക്ഷീണമുണ്ടെങ്കിൽ കരിക്കിൻ വെള്ളം, തേൻ വെള്ളം ഇവ ഉപയോഗിക്കാം. രോഗലക്ഷണം മാറിയാൽ ആദ്യത്തെ 3 ദിവസം ജ്യൂസുകളും പിന്നെ 4 ദിവസം പച്ചക്കറികളും പഴവർഗ്ഗങ്ങളും മാത്രം കഴിച്ചു കൊണ്ട് തുടരുകയും ചെയ്യുക. ശേഷം 2 നേരം വേവിച്ച ഭക്ഷണവും രാത്രിയിൽ പരമാവധി പച്ചക്കറികളും പഴവർഗ്ഗങ്ങളും ജ്യൂസുകളും മാത്രം ഉൾപ്പെടുത്തുക. ഇത് ജീവിതശൈലിയായ് തുടരുക. ഉഴുന്നു, പുളിപ്പിച്ച മാവ് കൊണ്ടുണ്ടാക്കിയ പലഹാരങ്ങൾ, അച്ചാറുകൾ, ബേക്കറി സാധനങ്ങൾ, കോളകൾ, ഐസ്ക്രീം, ചോക്ലേറ്റുകൾ തുടങ്ങിയവയും മുകളിൽ ഉദ്ധരിച്ച പദാർത്ഥങ്ങളും പൂർണമായും ഒഴിവക്കുക. രോഗം പൂർണമായും മാറിക്കഴിഞ്ഞാൽ (3 മാസം കഴിഞ്ഞു) ഇറച്ചിയും മീനും കറി വച്ച് കഴിക്കാവുന്നതാണ്. (പൊരിച്ചു കഴിക്കുന്നത് പച്ചക്കറികൾ ഇട്ടു വേവിച്ചു, പച്ചക്കറി സലാഡിനോടൊപ്പം, ഇലക്കറികൾ ചേർത്ത് ഉച്ചക്ക് ഒരു നേരം എരിവും, പുളിയും, ഉപ്പും കുറച്ചു ഉപയോഗിക്കുക). രോഗാവസ്ഥ കൂടി നിൽക്കുമ്പോൾ ഒരു ബെയ്സിനിൽ അരഭാഗം വെള്ളം നിറച്ചു കാലുകൾ പുറത്താക്കി ഇരിക്കുന്നതും (Hip Bath) ചില ഔഷധ ഇലകൾ ജ്യൂസാക്കി കുടിക്കുന്നതും (വാഴപ്പിണ്ടി + തഴതാമ) രോഗത്തിന്റെ തീവ്രത കുറക്കാൻ സഹായിക്കും. മലം അയഞ്ഞുപോകുന്നതും, ദിവസം ആറ് ഏഴു പ്രാവശ്യം പോകുന്നതും, മലവിസർജനം നടന്നാലും തൃപ്തിവരാത്തതും, വീണ്ടും പോകണം എന്ന് തോന്നുന്നതും, മലം കട്ടിയായി പോകുന്നതും, പോകുമ്പോൾ അല്ലെങ്കിൽ അതിനു ശേഷമുള്ള വേദന, നീറ്റൽ, കുടച്ചിൽ, ചൊറിച്ചിൽ എന്നിവ അനുഭവപ്പെടുന്നതും, മലത്തോടൊപ്പം രക്തം, പഴുപ്പ്, ചളി ഇവ പോകുന്നതും, കീഴ്വായു ശല്യം കൂടുന്നതും, ദുർഗന്ധത്തോടെ പുറത്തേക്കു പോകുന്നതും എല്ലാം മലബന്ധത്തിൽ പെടുത്തേണ്ടതാണ്. അതിനെല്ലാം മലബന്ധത്തിന് നിർദേശിച്ച ചികിത്സ മതിയാകുന്നതാണ്.